Sunday, July 8, 2018

Planting calendar (Njattuvela Calendar) and other farming tips

In Kerala, there is a planting calendar called Njattuvela Calendar which says the best time for starting each specific crop.



16-December-2018


Some more information about 'Njattuvela' from a magazine, by Paulson Tham. It says paddy should be sown before 'medam 10', that is by around Arpil 25. This is typically when we get the first summer rain, and if paddy is sown and grow with the first rain, by the time it is proper rainy season, it will be growing very strongly. Because weeds also starts growing by this time, so paddy gets the best advantage.




18-Feb-2019

This is some information by one person called Rafi from Thaliparambu,Kannur. Came in 'JaivaKeralam' Whatsapp group.

നാളെ കുംഭനിലാവ്, നാളെ മുതൽ 3 ദിവസം ചേന, ചേമ്പ് കാച്ചിൽ,  ചെറുകിഴങ്ങ് എന്നിവ നടാൻ പറ്റിയ ദിവസങ്ങൾ. മഴ പെയ്യുന്നതിനനുസരിച്ച് മുളച്ച് വരും.കുംഭ വാഴ ( നേന്ത്ര വാഴക്കന്ന്) ഇപ്പാൾ വെക്കാം. രണ്ടു മാസം കുറേശെ നനച്ച് കൊടുത്താ മതി. ബാക്കി നന മഴയത്ത് നനഞ്ഞോളും. 
ചേന മുളയുടെ നടു മാത്രം ചുഴ്ന്ന് എടുത്ത്  അതിന് ചുറ്റുമുള്ള വള എല്ലാ കഷണത്തിലും വരുന്ന തരത്തിൽ 1Kg, 1 1/2 kg  കഷണങ്ങളാക്കി  മുറിച്ച് നേർപ്പിച്ച ചാണകവെള്ളത്തിലോ ജീവാമൃതത്തിലൊ മുക്കി തണലത്ത് ആറ്റിയെടുക്കണം. രണ്ടടി കുഴിയെടുത്ത് ചപ്പും ചവറും നിറച്ച് കുറച്ച് ചാണകപ്പൊടിയും ഇട്ട് മേലെ ചേന കഷണം വെച്ച് മൂടുക. ചേന താഴൊട്ട് വളർന്നിറങ്ങുന്നതാണ്. അതിനാൽ കുഴിയുടെ അടിയിൽ വെക്കരുത്. വലിയ ചേന ആവശ്യമുള്ളവർ വലിയ കുഴിയെടുത്ത് കഷണങ്ങളാക്കാത്ത ചേന (മുഴുചേന വിത്ത് ) നടുക.

ചേമ്പ് : തള്ളചേമ്പിൻ കഷണ(കണ്ട)യോ പിള്ള ചേമ്പോ (കിഴങ്ങ്) നടാവുന്നതാണ്. ഒരടി കുഴിയുടെ അടിയിൽ നട്ട് ചാണകപ്പൊടിയും ചവറും ഇട്ട് മൂടണം. 
കാച്ചിലും ചെറുകിഴങ്ങും ഈ സമയത്ത് തന്നെ  നടാം. 
പച്ചക്കറി ഇനി ഇടവപ്പാതി വരെ ന്യാനിരിക്കുന്നതാണ് നല്ലത്.
"കുംഭത്തിലെ പിറ കുടത്തോളം "

"കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും മാണിക്യം"

Another Information about taro


After one week of taro germination, apply thick cowdung slurry, ash and spread leaves around, there will be plenty of yield

Kumbha Vazha

'Kumbha vazha' is banana planting in Kumbham. This needs less watering since it can effectively make use of rain. It has to be planted by March 1st week and harvesting can be done by Vrischikam (In 10 months). Make pits of size 45cm (diameter and depth) and then plant sucker and then put leaves and dried cowdung.

Green gram, cowpea,lab lab beans
July (Midhunam) is the right time for Green gram,cowpea and lab lab beans (amara)

15-April-2020

ശ്രീജ , പാo ശാല

ഇന്ന് മേടം 1 - വിഷു - മലയാള കാർഷിക വർഷത്തിൻ്റെ തുടക്കം. ആദ്യത്തെ ഞാറ്റുവേലയായ അശ്വതി ഞാറ്റുവേലയുടെ ആരംഭം. കൃഷി പ്രധാനമായ മുൻ കാലങ്ങളിൽ കാർഷിക വൃത്തി ആരംഭിക്കുന്ന ദിനം. ഇപ്പോഴും നെൽകർഷകർ വിരിപ്പ് കൃഷിക്കുള്ള ഒരുക്കങ്ങൾ തുടങ്ങുന്ന ഞാറ്റുവേല. ഒന്നോ രണ്ടോ വേനൽ മഴ കിട്ടിയാൽ പൊടിപ്പൂട്ട് പൂട്ടി വിത്ത് വിതയ്ക്കുകയോ പൊടി ഞാറിടുകയോ ചെയ്യും. ചേന, ചേമ്പ്, കാച്ചിൽ, ചെറുകിഴങ്ങ് തുടങ്ങിയ കിഴങ്ങുവർഗ്ഗങ്ങൾ ഈ സമയത്ത് നടാം. കൂർക്ക, ചക്കരക്കിഴങ്ങ് എന്നിവയുടെ വിത്തുകൾ തലകളും വള്ളികളും ഉണ്ടാക്കാനായി കുഴിച്ചിടേണ്ട സമയമാണ്. മുളക്, വഴുതന എന്നിവയുടെ തൈകൾ മഴക്കാലാരംഭത്തിൽ നടാനായി ഇപ്പോൾ മുളപ്പിക്കാൻ തുടങ്ങണം.കാർഷികവൃത്തിയുടെ തിരക്കുകളിലേക്ക് കർഷകർ കടക്കുന്ന, കടക്കേണ്ട സമയമാണിത്. വറുതിയുടെ നാളുകളാണ് വരാൻ പോകുന്നതെന്ന് നമുക്ക് മുന്നറിയിപ്പുകൾ തരുന്നുണ്ട് UN അടക്കമുള്ള പലരും. ആരും പറഞ്ഞില്ലെങ്കിലും ഇപ്പോഴത്തെ അവസ്ഥയിൽ ഇക്കാര്യം നമുക്ക് മനസ്സിലാക്കാനാവും. ഈ വിഷു നമുക്ക് ഒരു പുതിയ കാർഷിക സംസ്കാരത്തിലേക്കുള്ള, സാമൂഹ്യ അവസ്ഥയിലേക്കുള്ള പ്രവേശനമാവട്ടെ. സ്വന്തം ഭക്ഷണം ആരോഗ്യമുള്ള ഭക്ഷണം -എല്ലാവർക്കും. 
അതാവട്ടെ ഇപ്രാവശ്യത്തെ വിഷു ചിന്ത.

കാർഷിക വർഷാശംസകൾ


ഭരണി ഞാറ്റുവേല
      
           (മേടം 14 മുതൽ 28 വരെ ഏപ്രിൽ 27-മെയ്10.)

അത്യുഷ്ണത്തിന്റെ കാലം കുമ്ർച്ച( മേഘാവൃതമായ ആകാശവും ആർദ്രമല്ലാത്ത അന്തരീക്ഷവും കാരണം ചൂട് കൊണ്ട് വിങ്ങുന്ന അവസ്ഥ )യുടെകാലം 
രാവേറെ ചെന്നാലും ഉറക്കം വരാതിരിക്കുക, പുലർകാലത്ത് മതി കെട്ടുറങ്ങുക, ഉണൽ പൊന്തുക(പ്രത്യേകിച്ചും കുട്ടികളുടെ ശരീരത്തിൽ- വിയർപ്പു കുരു, ഉഷ്ണക്കുരു, അയൽ) സർവ്വസാധാരണം. മഴ മോഹിപ്പിച്ച വന്നു പെയ്യാതെ കടന്നു കളയുക ഇതൊക്കെ ഈ കാലത്തെ പ്രത്യേകതകളാണ്.

         ഉണക്കി വർഷകാലത്തേക്ക് സൂക്ഷിക്കേണ്ട സാധനങ്ങൾ വെയിലത്തിട്ട് കാവൽ ഇരിക്കേണ്ട സമയം. കൊണ്ടാട്ടങ്ങൾ, ചെറുചെമ്മീൻ, പച്ചമാങ്ങ അരിഞ്ഞ് ഉണ്ടാക്കുന്ന മാങ്ങാ പുളി, മാമ്പഴം പിഴിഞ്ഞ് ഉണ്ടാക്കുന്ന മാങ്ങ കച്ച് എന്നിവയുടെ പുറകെ ആയിരിക്കും ഗ്രാമീണ സ്ത്രീകൾ ഇപ്പോൾ.

        നെല്ല് വെയിലത്തിട്ട് ഉണക്കി കുത്തി തരക്കലരി ആക്കി വെക്കാം. ( നാടൻ പച്ചരി ഉണക്കലരി തരക്കലരി എന്നൊക്കെ അറിയപ്പെടും) പാറ്റിപ്പെറുക്കി വൃത്തിയാക്കിയത് ഭദ്രമായി അടച്ചു വെക്കണം. ചാക്കിൽ ആണെങ്കിൽ അല്പം തവിടോടെ (മില്ലിൽ നിന്നും കുത്തുമ്പോൾ തീർക്കാനായി ഇട്ട തവിടും ഉമിയും മതി) വെച്ചാൽ കുത്തൻ കുറയുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. മഴ പെയ്തു തുടങ്ങിയാൽ നെല്ലു ഉണക്കൽ നടക്കില്ല. പാകത്തിന് ഉണക്കാതെ കുത്തിയാൽ അരി നുറുങ്ങും.ഇപ്പം ചെയ്തില്ലെങ്കിൽ പിന്നെ കർക്കിടകം കഴിയണം. കുറേ നെല്ല് പുഴുങ്ങി ഉണക്കി വെക്കണം പുഴുങ്ങിയ നെല്ല് തണലത്ത് ഉണക്കിയാൽ മതി.ഒന്നിച്ച് കുത്തി വെക്കണം എന്നില്ല ആവശ്യത്തിനനുസരിച്ച് കുത്തിയാൽ മതി .

     വിറകടുപ്പ് ഉപയോഗിക്കുന്നവർ വിറക്, ഓല എന്നിവയൊക്കെ ശേഖരിച്ച്  കെട്ടി ഒലക്കോട്ടിലോ വിറകുപുരയിലോ അടുക്കേണ്ടതാണ്. കവുങ്ങിന്റെ ഓല (മാച്ചിപ്പട്ട) ചെറുതായി മുറിച്ച് വാഴനാര് കൊണ്ട് മെടഞ്ഞു കെട്ടി മാച്ചി(ചൂൽ) കെട്ടിവെക്കുന്ന സമയം കൂടിയാണ്. ദീർഘകാലം സൂക്ഷിക്കാനുള്ള വെള്ളരിക്ക, മത്തൻ, ഇളവൻ എന്നിവ കെട്ടിത്തൂക്കിയിട്ടില്ലാത്തവർ ചെയ്യണം. 

        വയലുകൾ വൃത്തിയാക്കാനായി വരമ്പുകൾ തീയിടുന്നത് കാണാറുണ്ട്. കൃഷിസ്ഥലത്ത് തീ കത്തിക്കാതെ ചപ്പുചവറുകൾ തനിയെ വെയിലും മഴയും കൊണ്ട് സൂക്ഷ്മ ജീവികളുടെയും ചിതലിന്റെയും പ്രവർത്തനഫലമായി കഴിയുന്നതാണ് അടിയുന്ന അതാണ് മണ്ണിനും കൃഷിക്കും നല്ലത്. വയലിലെ പച്ചക്കറി പന്തലുകൾ എല്ലാം നീക്കം ചെയ്യണം. കൂർത്ത കമ്പുകളും കല്ലുകളും മറ്റും പെറുക്കി മാറ്റണം. ചളിയിൽ വയലിൽ ഇറങ്ങുന്നവർക്ക്  കാലിൽ കൊള്ളുന്ന വസ്തുക്കൾ ഉണ്ടാകരുത് വളം വയലിലെത്തിച്ചിട്ടില്ലാത്തവർ ഇപ്പോൾ ചെയ്യണം. മഴപെയ്താൽ ഭാരവും പ്രയാസവും കൂടും.

 കര നെല്ലുകളായ മോടൻ, കട്ടമോടൻ, പാറ പിളർപ്പൻ, തുടങ്ങിയവയും വയലിലെ മൂപ്പു കൂടിയ വിത്തിനങ്ങളും (മുണ്ടകൻ) ഇപ്പോൾ വിതക്കാൻ   പറ്റിയ സമയമാണ്. ചെറുധാന്യമായ  ചാമ വിതക്കാൻ ഏറ്റവും അനുയോജ്യമായതും ഇപ്പോൾ തന്നെ. 

നടുതല വള്ളിക്കാവശ്യമായ മധുക്കിഴങ്ങോ വള്ളിയോ നടാം. വള്ളിയാണെങ്കിൽ നനച്ചു കൊടുക്കണം. കിണനിനരികിലോ വീട്ടിലെ വേസ്ററ്
പോകുന്നിടത്തോ നട്ടാലും മതി. നടുതലക്കുള്ള കൂർക്ക കിഴങ്ങും ഇപ്പോൾ നട്ടോളൂ.

     കുംഭത്തിൽ വിത്തുതേങ്ങ ശേഖരിച്ചിട്ടില്ലെങ്കിൽ ഇപ്രാവശ്യത്തെ പറിയിൽ ശേഖരിക്കണം. ഇടത്തരം പ്രായമുള്ള (20-30 വർഷം) തെങ്ങിൽ നിന്നും നല്ല കുല കയറുകെട്ടി താഴ്ത്തുകയോ പുഴക്കരയിൽ ആണെങ്കിൽ വെള്ളത്തിൽ പറിച്ചിടുകയോ ചെയ്യുക. 
വെള്ളത്തിൽ തേങ്ങയുടെ ഏതു ഭാഗമാണ് പൊങ്ങി നിൽക്കുന്നത് ആ ഭാഗം മണ്ണിന് വെളിയിൽ കാണുന്ന രീതിയിലാണ് വിത്ത് പാവുക. സ്ഥാനം മാർക്ക് ചെയ്യാം.  
 
         പച്ചക്കറി നടേണ്ട മണ്ണൊരുക്കി ഏരികൂട്ടി (തറനിരപ്പിൽ നിന്നും അഞ്ച് സെ.മീ. മണ്ണ് ഉയർത്തി  ഒറ്റൊറ്റയായോ നീളത്തിൽ വരികളായോ നിലമൊരുക്കുന്നത്. ) കുഴിവെട്ടി കുമ്മായം ചേർത്ത് വെക്കാം. പുകയത്ത് കെട്ടിവച്ച വിത്തുകൾ എടുത്തു തിരഞ്ഞെടുത്ത് വെയിലു കൊള്ളിക്കാം.

     കൂടം (മൂടം) കൂട്ടി നേരത്തേ ഒരുക്കിയ സ്ഥലത്ത്  കപ്പകൊള്ളി (മരച്ചീനി) മഴ കിട്ടുന്ന മുറയ്ക്ക് വെക്കാവുന്നതാണ്. ധനുവിലേയും കുംഭത്തിലേയും പക്കത്തിൽ കൊത്തി ചാരിവച്ചിരിക്കുന്ന മുരിക്കിന്റെയും കരയത്തിന്റെയും കമ്പുകൾക്ക് മുകളിൽ ഇലയും താഴെ വേരും ഫൊട്ടിയിട്ടുണ്ടോന്ന് നോക്കുക. കതിരുവാതിരക്കാലത്ത് കുരുമുളക് വള്ളികൾ വെക്കാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങിൽ ഈ താങ്ങുകാലുകൾ ഇപ്പോൾ മുതൽ  മഴപെയ്തു മണ്ണ് ചളിപ്പരുവമാവുന്നതിനു മുമ്പു വരെ ചെയ്യാവുന്നതാണ്.

റാഫി


കാർത്തിക ഞാറ്റുവേല   - By റാഫി. സി. പനങ്ങാട്ടൂർ.

മേടം 28 മുതൽ ഇടവം 10 വരെ മെയ് 11 മുതൽ മെയ് 24 വരെ .

കൃഷി മലയാളത്തെ അടയാളപ്പെടുത്തുന്ന ഞാറ്റുവേലയാണിത്.

   സൂര്യൻ ഉത്തരാർദ്ധഗോളത്തിൽ നമ്മുടെ നേരെ മുകളിൽ , നല്ല ശക്തമായ വെയിൽ ഇടയ്ക്ക് വേനൽ മഴ ലഭിക്കുന്ന സമയം.

"കാർത്തിക കള്ളൻ കവുങ്ങുണക്കും"

 മഴ ഇപ്പോൾ പെയ്യുമെന്ന്   തോന്നിക്കും അപൂർവമായേ പെയ്യൂ. ഇതും പ്രതീക്ഷിച്ച് നനക്കാതെ നിന്നാൽ ചെറു കവുങ്ങുകൾ ഉണങ്ങി കരിയാൻ തുടങ്ങും.

മണ്ണിൽ വെള്ളം പരമാവധി കുറയുകയും വാനിൽ വെള്ളമേറുകയും ചെയ്യും. കിണറിനടിയിൽ കുറുകിയ നീര്. അവനവന്റെ കിണറിനെയും ആരോഗ്യസ്ഥിതിയെയും വിശ്വാസം ഉള്ളവർക്ക് പച്ചവെള്ളം കുടിക്കാം. അല്ലാത്തവർ അനുയോജ്യമായ രീതിയിൽ ദാഹമകറ്റുക. ശരീരത്തിന് കൂടുതൽ വെള്ളം ആവശ്യമാണ്. തുളസി, പേരയില, മല്ലി, രാമച്ചം തുടങ്ങിയവയിട്ട് തിളപ്പിച്ച വെള്ളമാവാം. ഇളനീര്, മോരും വെള്ളം കഞ്ഞിവെള്ളം നന്നാറി സർബത്ത് തുടങ്ങിയ പാനീയങ്ങളുമാവാം.

മണ്ണിലെ വെള്ളം വൻമരങ്ങളിലെ പഴങ്ങളിൽ നിറഞ്ഞിരിക്കുന്ന കാലം കൂടിയാണ്. ലഭ്യമായ നാടൻ പഴങ്ങൾ നന്നായി കഴിക്കണം.

നെൽകൃഷി 
ശരാശരി മൂപ്പുള്ള സാധാരണ വിത്തുകൾ വിരിപ്പിന്   പൊടിവിത വിതക്കുന്ന കാലം. ഒരു ചാൽ ഉഴുത് ഇട്ടാൽ മഴയിൽ കളകൾ മുളച്ചു പൊങ്ങും 7-10 ദിവസത്തിനകം വീണ്ടും ഉഴുത് കളകളെ മണ്ണിൽ ചേർക്കാം. കള ശല്യം കുറയും കമ്പോസ്റ്റ്, കാലിവളം, ഘനജീവാമൃതം എന്നിവയിലേതെങ്കിലും ഒന്ന് അടിവളമായി ചേർത്ത് വിത്തു വിതയ്ക്കാം.കൈകോട്ട് വിതയോ വാരമെടുത്തോ ആവാം. അതിനുമുകളിൽ ചാരം വിതറാം.

മഞ്ഞൾ
ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യാൻ ഏറ്റവും പറ്റിയ സമയം. തറനിരപ്പിൽ നിന്ന് 15-20 സെൻറീമീറ്റർ ഉയരത്തിൽ വാരം എടുത്തു കുമ്മായം ചേർത്ത് തയ്യാറാക്കിയ സ്ഥലത്ത് 10 സെൻറീമീറ്റർ അകലത്തിൽ മഞ്ഞൾ തള്ളചെടിയിൽ നിന്നും അടർത്തിയെടുത്തത് നടുക. ശേഷം പുതയിടണം.

ഇഞ്ചി
"കാർത്തിക്കാലിൽ കാനൽപ്പാടിൽ കാലടി അകലത്തിൽ കാശോളം നട്ട് കരിമ്പടം പുതച്ച്
കാഞ്ഞിരത്തോലിട്ട് മൂടിയാൽ ഇഞ്ചിക്കൃഷിയായി"
കാർത്തിക ഞാറ്റുവേലയുടെ തുടക്കത്തിൽ (ആദ്യപാദത്തിൽ -കാർത്തികക്കാലിൽ) അധികം വെയിലുതട്ടാത്തിടത്ത് (കാനൽപാട്) കാലടി അകലത്തിൽ ചെറിയ കഷണങ്ങളാക്കി നടണം. വിത്ത് കുറേശ്ശെ മതി(കാശോളം നട്ട്). ചെറുതായി മണ്ണിട്ട് അതിനു മീതെ പച്ചച്ചാണകം വിരിക്കണം(കരിമ്പടം പുതച്ച്). ശേഷം 
കാഞ്ഞിരത്തോലു കൊണ്ട്  പുതയിടണം.

 കാഞ്ഞിരത്തിന് തണുപ്പ് കൂടുതലാണ്. കൈവെള്ള ചൂടായാൽ അത് നേരിട്ട് തലച്ചോറിനെ ബാധിക്കും. ഇത് അറിയാവുന്നതിനാലാണ് പൂർവികർ തൂമ്പ, കൈക്കോട്ട്, കോടാലി തുടങ്ങിയവയുടെ പിടികളും നിലം തല്ലിയും ഉണ്ടാക്കാൻ കാഞ്ഞിരക്കാൽ ഉപയോഗിച്ചുവന്നത്.
പണിയെടുത്ത് കൊണ്ടിരിക്കുമ്പോൾ കൈവെള്ളയിൽ ചൂട് അറിയില്ല. തണുപ്പാണുണ്ടാവുക.
ഇക്കാലത്ത് പെട്ടെന്ന് ചൂടാവുന്ന സ്റ്റീൽ തള്ള(പിടി)കളാണ് 
പല ഉപകരണങ്ങൾക്കും 
നാം ഉപയോഗിക്കുന്നത്.
ഇഞ്ചിക്ക് തണുപ്പിനും
കീടബാധയേൽക്കാതിരിക്കാനും  കാഞ്ഞിരത്തോല് 
സഹായിക്കുന്നു.

"മാവിൻചുവട്ടിൽ മഞ്ഞൾ 
പ്ലാവിൻ ചുവട്ടിൽ ഇഞ്ചി"

 അൽപം ചോലച്ചുവട്ടിലായാലും കുഴപ്പമില്ലാതെ വളരുന്ന വിളകളാണ് മഞ്ഞളും ഇഞ്ചിയും. പ്ലാവില ഇഞ്ചിക്ക് വളവുമാണ്.

കൂവ.
കാത്സ്യം സമ്പന്നമായ ഒരു കിഴങ്ങ് വിളയാണ് കൂവ. പല നിറത്തിലുള്ളവ ഉണ്ട്. വെള്ളക്കൂവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ഇത് ഇടിച്ചു പിഴിഞ്ഞ് ഊറ്റിയെടുക്കുന്ന പൊടി (നൂറ്)കുട്ടികൾക്ക് ഒരു നല്ല പോഷകാഹാരമാണ്. കിഴങ്ങ് പച്ചയ്ക്കും പുഴുങ്ങിയും കഴിക്കാം. ഇക്കാലത്ത് ഇതിന്റെ കൃഷി വളരെ കുറവാണ്. 15-20 സെ.മീ. ഉയരത്തിൽ വാരമെടുത്ത് അടിവളം ചേർത്ത് 30സെ.മീ അകലത്തിൽ കിഴങ്ങുകൾ നടുക. പുതയിടുക. 

മാങ്ങയിഞ്ചി.
അധികം പരിചരണം ആവശ്യമില്ലാത്ത ഒരു കിഴങ്ങുവിളയാണിത്. കൃഷി രീതി മഞ്ഞളിന്റേത് പോലെത്തന്നെ. അച്ചാർ, ചമ്മന്തി,മോര് കാച്ചൽ എന്നിവയ്ക്ക് അത്യുത്തമം.

പച്ചക്കറികൾ.
പച്ചക്കറി കൃഷിക്ക് കുറച്ചു തുറന്ന സ്ഥലം ആവശ്യമാണ്. സ്ഥലമില്ലാത്തവർ മട്ടുപ്പാവ് ഗ്രോബാഗ് കൃഷിയെ ആശ്രയിക്കേണ്ടി വരും.
കക്കരി, പാവൽ, പടവലം എന്നിവയ്ക്ക് പന്തലിടാനുള്ള സൗകര്യം ഉണ്ടാവണം. കോവൽ വേലിക്കരികിലാകാം. കുമ്പളം, ചുരക്ക എന്നിവ മരങ്ങളിളോ ചൂടിക്കയറിലൊ കയറ്റാം. മത്തൻ മണ്ണിൽ പടർന്നോളും.

വഴുതിന :
വഴുതിന ചെടി നഴ്സറിയിൽ നിന്നും മണ്ണിലേക്ക് മാറ്റി നടാൻ പറ്റിയ സമയമാണ്  . മുക്കാൽ മീറ്റർ അകലത്തിൽ   
കുഴി കുത്തി അടിവളം ചേർത്ത് നടണം. നട്ടു കഴിഞ്ഞാൽ ഒരാഴ്ച വരെ  ചെടികൾക്ക് പുത കുത്തി കൊടുക്കണം.

"വഴുതിന കാർത്തികയിൽ നട്ട് കയിലുകൊണ്ട് കോരി നനക്കുക "

നല്ല വേനൽ ആയതിനാൽ രൂക്ഷമായ ജലക്ഷാമം ഉണ്ടാവും. എങ്ങനെയെങ്കിലും കുറേശ്ശെ വെള്ളം നനച്ച് ചെടികളെ സംരക്ഷിക്കണം. വേര് പിടിച്ചുകഴിഞ്ഞാൽ കാലവർഷം 
പിറക്കുന്ന മുറക്ക് ചെടി തഴച്ചു വളരാൻ തുടങ്ങും.

പച്ചമുളക്
പച്ചമുളകും ഇതേ കാലത്ത് മാറ്റി നടാം. 
 അകലം അരമീറ്റർ മതിയാവും. മുളകും വഴുതനയും അടുത്തടുത്ത് നടാതിരിക്കുന്നതാണ് നല്ലത്. 

വെണ്ട, കക്കിരി എന്നിവയും ഇപ്പോൾ നടാവുന്നതാണ് മഴ കൂടുന്നതു വരെ നനച്ചു കൊടുക്കേണ്ടിവരും. ഇഴവള്ളികളായ കുമ്പളം, കോവൽ, പീച്ചിൽ, ചുരക്ക എന്നിവയും ഇതുപോലെ നടാം. നനച്ച് സംരക്ഷിക്കുക. വേനൽക്കാലത്ത് നട്ടുവളർത്തുന്ന ചെടികൾക്ക് പ്രതിരോധശേഷി കൂടുതലായിരിക്കും. മഴക്കാലത്ത് ഇവ നന്നായി വളരുകയും ചെയ്യും. മഴ തുടങ്ങുന്ന സമയത്ത് നട്ടാൽ മുളച്ചു വരുമെങ്കിലും ശക്തമായ മഴയിൽ മുരടിച്ചു നിൽക്കുകയാണ് ചെയ്യുക. പിന്നെ മഴയുടെ ശക്തി കുറയുമ്പോൾ മാത്രമേ അവ വളർന്നു വരികയുള്ളൂ.

പച്ചക്കറികളുടെ വിത്ത് 12 മണിക്കൂർ പച്ച വെള്ളത്തിൽ മുക്കി വച്ച ശേഷം പാകിയാൽ പെട്ടെന്ന് മുള പൊട്ടും. 
വിത്തു ചെടിയിൽ ഉണ്ടാകുന്ന ആദ്യത്തെയും അവസാനത്തെയും കായകൾ ഒഴിവാക്കി വേണം വിത്തിനുള്ള കായ് എടുക്കാൻ.
ഇടയിൽ കായ്ക്കുന്ന ആരോഗ്യമുള്ള ഒന്നോ രണ്ടോ കായകൾ ഇതിനായി മാറ്റി നിർത്തണം. നന്നായി ഉണങ്ങുന്നതു വരെ കാത്തിരിക്കണം. 
അതാത് മണ്ണിൽ അതാത് സീസണിൽ വിളഞ്ഞ വിത്താണ് ഏറ്റവും അനുയോജ്യം. മഴക്കാല കൃഷി യുടെ വിത്ത് 
അടുത്ത മഴക്കാല കൃഷിയിലേക്കും വേനൽക്കാല കൃഷിയിൽനിന്ന് എടുത്ത വിത്ത് അടുത്ത വേനൽ കൃഷിയിലേക്കും സൂക്ഷിക്കുക 
ഒരു വർഷം സൂക്ഷിക്കാൻ ആവില്ല എന്ന് തോന്നുന്ന പക്ഷം തുടർച്ചയായി കൃഷി ചെയ്യുന്ന രീതിയും പ്രയോഗിക്കാം.

 ഉദാഹരണമായി ഒരു വെണ്ട ചെടിയിൽ 10 കായകൾ ഉണ്ടാകുന്നു എന്ന് വെക്കുക മൂന്നാമത്തേത് മുതൽ 
എട്ടാമത്തേതുവരെയുള്ള ഏതെങ്കിലും ഒന്നോ രണ്ടോ കായകൾ വിത്തിനായി വെക്കാം. ഉണക്കം തികഞ്ഞാൽ പറിച്ചെടുത്ത്   അൽപം പുക കൊള്ളുന്ന രീതിയിൽ സൂക്ഷിക്കുക. 
നടാൻ കാലമാകുമ്പോൾ കായ എടുത്തു 
രണ്ടറ്റത്തു നിന്നും അല്പം ഭാഗം മുറിച്ചു നീക്കി നടു ഭാഗത്തുള്ള വിത്തുകൾ എടുക്കുക ഇതാണ്   ആരോഗ്യമുള്ള വിത്ത് എടുക്കുന്നതിനുള്ള രീതി. സാധാരണ ഉണങ്ങി ശുഷ്കിക്കാത്ത ജലമൃദ്ധമായ മത്തൻ, വെള്ളരി, പാവൽ, പടവലം, ഇളവൻ കുമ്പളം, തണ്ണിമത്തൻ എന്നിവ വിത്ത് പാകമായാൽ ഉപയോഗിക്കാൻ മുറിക്കുന്ന സമയത്ത് ഇത് പോലെ മധ്യഭാഗത്തെ വിത്തുകൾ എടുത്തു വൃത്തിയാക്കി ഉണക്കി ചാണകം പുരട്ടി സൂക്ഷിക്കുക.

ഇവിടെ അടിവളമായി ചാണകപ്പൊടി, കമ്പോസ്റ്റ്, ഘനജീവമൃതം, കമ്പോസ്റ്റ് ചെയ്ത ആട്ടിൻ കാട്ടമോ കോഴിവളമോ ഏതെങ്കിലും ഉപയോഗിക്കാം. അൽപം വേപ്പിൻ പിണ്ണാക്ക് ചേർക്കുന്നത് മണ്ണിൽ നിന്നുള്ള കീടബാധയെ തടയും.

ഇപ്പോൾ കാലികൾ തൊഴുത്തിന് പുറത്തായിരിക്കും. ആലയുടെ അകവും പുറവും മേൽക്കൂരയുമെല്ലാം അടിച്ചു വാരി വൃത്തിയാക്കി വെക്കാം. വളക്കുണ്ട്, പഴയ വളമെല്ലാം കോരിയെടുത്ത് വൃത്തിയാക്കി വെക്കുക. കാലിയെ കയറ്റുന്ന മുറക്ക് കുഴിയിൽ പച്ചത്തോല് നിറക്കുക.

 "ഓരോ വീടും സ്വാശ്രയമാവട്ടെ; ഓരോഗ്രാമവും സ്വാശ്രയമാവട്ടെ. ജൈവജകൃഷിയിലൂടെ ജൈവ ജീവിതത്തിലേക്ക്"

കേരളാ ജൈവ കർഷക സമിതി തളിപ്പറമ്പ താലൂക്കിന്  വേണ്ടി


റാഫി. സി. പനങ്ങാട്ടൂർ.

രോഹിണി ഞാറ്റുവേല

ഇടവം 10 രാത്രി മുതൽ 24 രാത്രി വരെ.
മെയ് 24  മുതൽ ജൂൺ 7  വരെ

വേനൽ  മൂത്ത് മഴക്കാലം ആകുന്ന ഒരു അത്ഭുത പ്രതിഭാസം നടക്കുന്ന സമയമാണിത്. കാലാവസ്ഥ പെട്ടെന്ന് മാറുന്നു. തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിലേക്ക് കയറി വരുന്ന സമയമാണ്.

ശരീരം രോഗാതുരമാകാൻ എളുപ്പമാണ്. ആയതിനാൽ കാലാവസ്ഥാമാറ്റം മുൻകൂട്ടിക്കണ്ട് വേണ്ട പ്രതിരോധങ്ങൾ സ്വീകരിച്ചാൽ പ്രയാസമില്ലാതെ മഴക്കാലത്തേക്ക് പ്രവേശിക്കാം.മഴക്കാലം തുടങ്ങുന്നതിനു മുന്നേ കിണറുകൾ ചളികോരി വൃത്തിയാക്കണം. വൃത്തിയാക്കിയ ഉടൻ നല്ല ഒരു തുണിക്കഷണത്തിൽ കുറച്ച് നൂറ് (ചുണ്ണാമ്പ്) കിഴികെട്ടി കിണറ്റിൽ ഇടണം.രണ്ടുമൂന്ന് ചിരട്ട കത്തിച്ച് അതിന്റെ കരി കിണറ്റിൽ ഇടണം.
പുതുതായി ഉറവയെടുത്ത് വരുന്ന ജലം ശുദ്ധീകരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. കരി, രുചിയും മണവുമുള്ള പദാർത്ഥങ്ങളെ നന്നായി വലിച്ചെടുക്കും.

കൊതുകുകൾ വർധിക്കുന്ന സമയമാണ്, കൊതുകുകൾ പെരുകാനിടയാക്കുന്ന സാഹചര്യങ്ങൾ നീക്കം ചെയ്യണം. അനുയോജ്യമായ പുകക്കൂട്ടുകൾ ഉണ്ടാക്കി വൈകുന്നേരങ്ങളിൽ വീട്ടുവരാന്തയിൽ പുകക്കുക. ഔഷധിയിൽ നിന്നോ തറി മരുന്ന് കടകളിൽനിന്നോ പുകക്കൂട്ടുകൾ ലഭിക്കും. ഉണങ്ങിയ പഴയ മൺചട്ടിയിലോ കലത്തിലോ ചകിരിപ്പാണ്ടയിൽ തീ പിടിപ്പിച്ച് അതിലേക്ക് ഏതാനും തുളസിയിലയോ, വേപ്പിലയോ ശീമക്കൊന്നയിലയോ ഇട്ട് തൽക്ഷണ പുകക്കൂട്ട് നമുക്കും ഉണ്ടാക്കാം. പൊള്ളലും തീപിടുത്തവും ഉണ്ടാകാതെ ശ്രദ്ധിക്കണം.

 കാർഷിക രംഗത്തേക്ക് വരുമ്പോൾ കാർത്തികയിൽ ചെയ്യാൻ ഉള്ള പണികൾ എന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ രോഹിണിയുടെ തുടക്കത്തിൽ തന്നെ ചെയ്യേണ്ടതാണ്. പച്ചക്കറി നട്ടിട്ടില്ലാത്തവർ നടാൻ ഇനിയും വൈകരുത്.

വിരിപ്പിന് പൊടിവിത വിതച്ചിട്ടില്ലാത്തവർ ഇനിയും അമാന്തിക്കരുത്.
 കാർത്തികയിലിട്ട വിത്തുകൾ മുളച്ചു ഞാറ് ആയിട്ടുണ്ടാകും. മൂന്നില വന്നാൽ ജീവാമൃതം 20 ഇരട്ടി വെള്ളം ചേർത്ത് കുറേശ്ശെ തളിച്ച് കൊടുക്കാം. പറിച്ചു നടുന്നതിന് മുമ്പ് രണ്ട് തവണ ചെയ്താൽ മതിയാകും.

മകീര്യത്തിലും തിരുവാതിരയിലുമായി നടക്കേണ്ട നാട്ടിപ്പണിക്ക് മുന്നൊരുക്കങ്ങൾ ചെയ്യാം. ഞാറ് ഒരുക്കിയതൊഴികെയുള്ള കണ്ടത്തിൽ അരൂംമൂലേം (അരികുകളും മൂലകളും) കിളച്ചിടണം. വരമ്പ് വൃത്തിയാക്കാം. കുമ്മായം ചേർത്ത് ഒരുചാൽ ഉഴുതിടാം. കണ്ടത്തിൽ കൊഴിച്ചിൽ ഉണ്ടെങ്കിൽ പറിച്ചെടുത്ത് തറിച്ചിടാം. പുറമേനിന്നു പച്ചത്തോല് കൊണ്ട് വന്നും തറിച്ചിടാം. മണ്ണിലെ കാർബണും സൂക്ഷ്മ മൂലകങ്ങളും വർദ്ധിക്കാൻ ഇത് സഹായിക്കും.
 
റാഗി, തിന, വരക്, മണിച്ചോളം തുടങ്ങിയ ചെറുധാന്യങ്ങൾ കരക്കൃഷിക്ക് വിതക്കുന്ന സമയമാണ്. കാത്സ്യം സമ്പന്നമായ ഈ ധാന്യങ്ങൾ പോഷകങ്ങളുടെ കലവറയാണ്.

പയറ് നടാൻ ഏറ്റവും അനുയോജ്യമായ കാലം. നീളൻ, മീറ്റർ, കഞ്ഞിക്കുഴി, പതിനെട്ട് മണിയൻ, കുറ്റിപ്പയർ തുടങ്ങിയ നാടൻ ഇനങ്ങളോ പുത്തൻ വിത്തുകളോ ആവാം. ചാലെടുത്തോ കിളച്ച് തയ്യാറാക്കി വാരമെടുത്തോ നടാം. ചാണകപ്പൊടി അടിവളമായി നൽകാം. 'രോഹിണിയിൽ പയർ നട്ടാൽ കായ കുറഞ്ഞാലും ഇല തിന്നാം'. ഇല ധാരാളമായി ഉണ്ടാകും. വരാൻ പോകുന്നത് ഇലക്കറികൾ കൂടുതലായി കഴിക്കേണ്ട കാലമാണ്.

നാടൻ വാഴകൾ നടാം. വീടിന്റെ ഐശ്വര്യമാണ് വാഴ. അടിമുതൽ മുടിയോളം ഭക്ഷ്യ യോഗ്യവും ഉപയോഗപ്രദവുമാണ് .കപ്പ വെക്കാം. കുംഭത്തിൽ നേന്ത്ര വാഴ വച്ചവർക്ക് മൂന്നാം തവണ വളം ചേർത്ത് മണ്ണ് കോരാം. 

നിലവിലുള്ള  തെങ്ങുകൾക്ക് തടമെടുക്കാം. ഓലയുടെ വിസ്താരത്തിൽ വേര് പടലം ഉണ്ടാവും. തടവും അതിനനുസരിച്ചാവണം. തടത്തിൽ ചവറും തോലും ഇട്ട് കൊടുക്കാം. ഓലയും മട്ടലും കൊലച്ചിലും അടിച്ചാരയും ചേരിയും ചിരട്ടയും മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാത്തവർ അവ തെങ്ങിൻ തടത്തിൽ തന്നെ ഇട്ടു കൊടുക്കണം. 
'തെങ്ങിന് ഇടവപ്പാതി അകത്ത്; തുലാവർഷം പുറത്ത് ' എന്നാണ്. കാലവർഷം മുഴുവൻ തെങ്ങിൻ തടത്തിൽ പെയ്യുമ്പോൾ അത് നല്ലൊരു ജലസംഭരണിയായി പ്രവർത്തിക്കുകയും ഭൂമിയിലേക്ക് ജലം ഇറങ്ങുകയും ചെയ്യുന്നു.(ജല സംരക്ഷണത്തിന്റെ പഴയ പാഠങ്ങൾ.) ഒപ്പം തടത്തിൽ ഇട്ട ചവറും തോലും കമ്പോസ്റ്റ് ആയി മാറുകയും ചെയ്യും. 

തേങ്ങയും അടക്കയും പാകി മുളപ്പിക്കാം. തേങ്ങ പാകുമ്പോൾ അൽപം ഉപ്പും മണലും മണ്ണിൽ ചേർക്കുന്നത് നല്ലതാണ്. ചക്കക്കുരുവും മാങ്ങക്കുരട്ടയും കശുവണ്ടിയും മറ്റു മരങ്ങളുടെ വിത്തുകളും പാകി മുളപ്പിക്കാം.

ക്ഷാമകാലത്തേക്കുള്ള കരുതൽ എന്ന നിലയിൽ ചക്കക്കുരു ശേഖരിച്ച് വെക്കാം. കേടു കൂടാതിരിക്കാനായി മമ്പിടിച്ച് വെക്കണം. (പുറ്റുമണ്ണ് അല്ലെങ്കിൽ ചുവന്ന മണ്ണ് പച്ചവെള്ളത്തിൽ കുഴച്ച് ചക്കക്കുരു ഈ ചളിയിൽ പെരക്കുക. തണലത്ത് ഉണക്കിയെടുക്കുക.) അടുക്കളയുടെ/സ്റ്റോർ റൂമിന്റെ മൂലയിൽ കൂട്ടിയിടുകയോ ചണച്ചാക്കിൽ കെട്ടിവയ്ക്കുകയോ ചെയ്താൽ അടുത്ത ചക്ക സീസൺ വരെ കേടുകൂടാതെ നിന്നോളും. തുലാവർഷം തുടങ്ങുമ്പോൾ നടാൻ അഞ്ചാറ് പ്ലാവുംതൈ സൗജന്യം!.

തേനീച്ചക്ക് ഇനിയുള്ള മൂന്ന് മാസം ക്ഷാമകാലമാണ്. സൂപ്പറിലെ(തേനറ/മേൽക്കൂട്) അടകളെല്ലാം മുറിച്ച് മാറ്റി കൂട് വൃത്തിയാക്കണം. ഈച്ച കളുടെ പ്രജനനം നടക്കുന്ന അടിക്കൂടും വൃത്തിയാക്കണം. അടകൾക്ക് കേടും കീടബാധയും ഇല്ലായെന്ന് ഉറപ്പ് വരുത്തുക. കൂട് അടച്ചുറപ്പുള്ളതാക്കണം. ഈച്ചകൾക്കുള്ള ഭക്ഷണമായി പഞ്ചസാര ലായനിയോ തേൻ ലായനിയോ നൽകേണ്ട സംവിധാനം കൂടിനകത്ത് ഒരുക്കണം. 

ഓരോ വീടും സ്വാശ്രയമാവട്ടെ;
ഓരോ ഗ്രാമവും സ്വാശ്രയമാവട്ടെ.

കേരള ജൈവകർഷക സമിതി തളിപ്പറമ്പ് താലൂക്കിന് വേണ്ടി

റാഫി.സി.പനങ്ങാട്ടൂർ.


Another article about Vishu....


വിഷു

 അതൊരു കാർഷിക ഉത്സവമാണ്. ആസാമിലെ ബിഹുപോലെ, മലയാളിയുടെ തനത് കാർഷിക ഉത്സവം.

                കൊല്ലവർഷം കലണ്ടർ വരുന്നതിനു മുൻപ് മേടം 1 ആയിരുന്നു പുതുവർഷആരംഭമായി ആഘോഷിച്ചിരുന്നത് . 
 തമിഴ് പുതുവർഷം ഇപ്പോഴും  മേടം ഒന്നാണ്. കേരളത്തിന്റെ ചില ഭാഗങ്ങളിലെങ്കിലും ഈ പതിവ് ഇന്നും തുടർന്ന് പോകുന്നുമുണ്ട്. പണ്ട് കാലത്തു മനുഷ്യന്റെ ജീവിതം പ്രധാനമായും കൃഷിയെ ആശ്രയിച്ചായിരുന്നതിനാൽ ജ്യോതിശാസ്ത്രത്തെ (ജ്യോതിഷത്തെയല്ല ) അടിസ്ഥാനമാക്കി തയ്യാറാക്കിയ  പഞ്ചാംഗങ്ങൾ  അവർക്ക് പ്രധാന്യമേറിയതായിരുന്നു. അതിൻ്റെ ചുവടുപിടിച്ച് കേരളീയർ (അന്ന് കേരളമൊന്നുമില്ല.) ഞാറ്റുവേലക്കൊത്ത് ഒരു കാർഷിക ചക്രം രൂപപ്പെടുത്തി. മലയാളനാട്ടിൽ  ഒരു കൊല്ലം ലഭ്യമാകുന്ന മഴയുടെ വിതരണത്തെ ഏറ്റവും ശാസ്ത്രീയമായി നിർണ്ണയിച്ചതിന്റെ മികച്ച ഉദാഹരണമാണ് നമ്മുടെ പൂർവികർ ഉണ്ടാക്കിയ ഞാറ്റുവേല സങ്കല്പം. ആദ്യ ഞാറ്റുവേലയായ അശ്വതി തുടങ്ങുന്നത് മേട മാസാരംഭത്തോടെയാണ്. അതു കൊണ്ടാണ് പണ്ട് മേടം 1 പുതുവത്സരമായി ആഘോഷിച്ചിരുന്നത്. പിൽക്കാലത്തു കൊല്ലവർഷ കലണ്ടർ ഔദ്യോഗികമായി അംഗീകരിച്ചതിനു ശേഷം പുതുവർഷം ആരംഭിക്കുന്നത് ചിങ്ങം 1 നായിത്തീർന്നു.
---------------------------
ഞാറ്റുവേല 
----------------------------
രാശിചക്രത്തെ 13°20‘ വീതമുള്ള തുല്യ നക്ഷത്രഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്. ഇതാണ് അശ്വതി, ഭരണി, കാർത്തിക, രോഹിണി, മുതലായ 27 നക്ഷത്രങ്ങൾ. സൂര്യൻ ഒരു ദിവസം ഏകദേശം ഒരു ഡിഗ്രി രാശിചക്രത്തിലൂടെ സഞ്ചരിക്കുന്നു. അപ്പോൾ 13°20‘ ഡിഗ്രി സഞ്ചരിക്കാൻ ഏകദേശം 13-14 ദിവസം വേണം. അതായത് ഒരു നക്ഷത്രഭാഗം കടന്നു പോകാൻ സൂര്യന് 13-14 ദിവസം വേണം എന്നർത്ഥം. ഇതാണ് ഞാറ്റുവേല എന്ന പേരിൽ അറിയപ്പെടുന്നത്. ഉദാഹരണത്തിന് അശ്വതി  ഞാറ്റുവേല എന്നു പറഞ്ഞാൽ അതിന്റെ അർത്ഥം സൂര്യൻ ഇപ്പോൾ  അശ്വതി നക്ഷത്രഭാഗത്തിലാണ് എന്നാണ്. ഒരു ഞാറ്റുവേല ശരാശരി പതിമൂന്നര ദിവസമാണ്. തിരുവാതിര ഞാറ്റുവേല പതിനഞ്ചു ദിവസവും.

           ഓരോ ഞാറ്റുവേലയിലും ലഭ്യമാകുന്ന മഴയുടെ പ്രത്യേകതകൾ നമ്മുടെ പഴംചൊല്ലുകളിൽ കാണാവുന്നതാണ്. വേനൽ മഴ്യ്ക്കൊപ്പം ആദ്യ ഞാറ്റുവേലയായ അശ്വതി ഏപ്രിൽ പകുതിയോടെ തുടങ്ങും. കൃഷി ആരംഭിയ്ക്കാനുള്ള സമയമാണത്. ആ സന്തോഷം, ആഘോഷരൂപത്തിലായതാണ് വിഷു. അതിനപ്പുറം അത് മറ്റൊന്നുമല്ല.

                        അശ്വതി, ഭരണി ഞാറ്റുവേലകളിൽ ഇടയ്ക്കിടക്ക് മഴ പെയ്യും. ലഭ്യമാകുന്ന മഴയ്ക്ക് അനുസൃതമായി, ഒരോ വിളയ്ക്കും അനുയോജ്യമായ ഞാറ്റുവേലകളേയും നമ്മുടെ കാരണവന്മാർ കൃത്യമായി തിരിച്ചറിഞ്ഞിരുന്നു. ചാമയ്ക്ക് അശ്വതി ഞാറ്റുവേലയും പയർ, ചെറുപയർ, ഉഴുന്ന്, തുവരപ്പരിപ്പ് എന്നിവക്ക് രോഹിണി ഞാറ്റുവേലയും അമര, കുരുമുളക്, തെങ്ങ് എന്നിവക്ക് തിരുവാതിര ഞാറ്റുവേലയും എള്ളിന് മകം ഞാറ്റുവേലയും ഉത്തമമാണ്. അത്തത്തിൽ വാഴ നടാം. ഫലവൃക്ഷങ്ങളുടെ വിത്തുകൾ നടുന്നതിനും കൊമ്പൊടിച്ചുകുത്തി മുളപ്പിക്കുന്ന എല്ലാ ചെടികൾക്കും തിരുവാതിര ഞാറ്റുവേലയാണ് ഏറ്റവും ഉത്തമം. ഭരണി ഞാറ്റുവേലയിൽ മത്തൻ, കുമ്പളം, കയ്പ, വെണ്ട എന്നിവയുടെ വിത്തു കുത്താം.

             യഥാർത്ഥത്തിലുള്ള വിഷു സങ്കൽപ്പം ഇതാണ്.

ഏവർക്കും വിഷുദിന ആശംസകൾ 



ചില നാട്ടറിവുകൾ forwarded by Rafi Muhammed
***  ***   ***   *****

1  * ഒട്ടുമാവ് നടുമ്പോള്‍ ഒരു വര്‍ഷത്തിനകം തന്നെ അതില്‍ പുതിയ തിരികള്‍ ഉണ്ടാകാറുണ്ട്. അവ ചിലപ്പോള്‍, ഉണങ്ങിപ്പോയെന്നു വരാം. മൂര്‍ച്ചയുള്ള ബ്ലയ്ഡുകൊണ്ട് ഉണങ്ങിയ ഭാഗം മുറിച്ചു കളഞ്ഞാല്‍ ദിവസങ്ങള്‍ക്കകം പുതിയ മുള പൊട്ടും.

2  * മാവിന്റെ ചുവട്ടില്‍ ഉപ്പിട്ടു കൊടുത്താല്‍ വേഗം പൂ‍ക്കും. ഉണക്കു പിടിക്കുകയുമില്ല.

3  * മാവില്‍ ഊഞ്ഞാല്‍ കെട്ടി ശക്തിയായി ആടുക. പൂക്കുന്നതിനുള്ള സാധ്യത കൂടും.

4 * മാമ്പഴത്തെ ബാധിക്കുന്ന മാംഗോഹോപ്പര്‍ എന്ന കീടത്തെ നശിപ്പിക്കാന്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ അഞ്ചു ലിറ്റര്‍ കഞ്ഞിവെള്ളം കൂട്ടിച്ചേര്‍ത്ത് തളിക്കുക.

5   * മൂപ്പെത്തിയ മാങ്ങ പറിച്ച് ഞെട്ട് അടിയിലാക്കി വച്ച് , അരമണിക്കൂര്‍ വെയില്‍ കൊള്ളിച്ചശേഷം , വൈക്കോലിട്ട് ,അതിലടുക്കി പുകകൊള്ളീച്ച് പഴുപ്പിച്ചാല്‍ സ്വാദു കൂടും. ദീര്‍ഘനാള്‍ കേടുകൂടാതെയുമിരിക്കും.

6   * മൂവാണ്ടന്‍, കുത്തിമംഗലം, ഓലോര്‍, പ്രയോര്‍, കുറുക്കന്‍, ചന്ത്രക്കാരന്‍, മയില്‍പ്പീലി, മുതലായ മാവിനങ്ങളുടെ വിത്തുതൈകള്‍ നട്ടാലും മാതൃവൃക്ഷത്തിന്റെ ഗുണങ്ങള്‍ ഉണ്ടായിരിക്കും.

7   * പുളി രസമുള്ള മണ്ണില്‍ മാവില നല്ല പച്ചിലവളമാണ്. കാരണം മാവിലയില്‍ കാത്സ്യത്തിന്റെ അംശം കൂടുതലായി ഉണ്ടായിരിക്കും.

8   * വെളുത്ത വാവിന്റെ ദിവസം മാവു നട്ടാല്‍ അതിലുണ്ടാകുന്ന മാങ്ങക്ക് കൂടുതല്‍ ചാറുണ്ടായിരിക്കും. രുചിയും മെച്ചപ്പെട്ടതായിരിക്കും.

9   * കറുത്തവാവിനാണ് മാവ് നടുന്നതെങ്കില്‍ അതിലുണ്ടാകുന്ന മാങ്ങക്ക് പുളി കൂടുതലായിരിക്കുമെന്നാണ് കേരളീയ വിശ്വാസം.

10   * മാവ് പൂക്കുന്നില്ലെങ്കില്‍ ‍ ( ചെറുമാവ് ആണെങ്കില്‍ ) ചുവടിളക്കുന്നതു പോലെ ഉലക്കുക. പൂക്കാനും കായ് പിടിക്കാനും സാധ്യത കൂടും.

11   * മാങ്ങാകളുടെ കൂട്ടത്തില്‍ നാട്ടുമാങ്ങയിലാണ് ഏറ്റവും കൂടുതല്‍ ജീവകം- സി അടങ്ങിയിട്ടുള്ളത്.

12. Removed since receommends to use chemical


13   * വേണ്ട രീതിയില്‍ എല്ലാ വര്‍ഷവും പ്രൂണ്‍ ചെയ്യുന്ന പക്ഷം മാവിന്റെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കാം. മാവിന്റെ ശാഖകളില്‍ വലയം മുറിക്കുന്നത് ദരിദ്ര വര്‍ഷങ്ങളില്‍ നല്ല വിളവ് കിട്ടാന്‍ സഹായകമാണ്. മാവ് പൂക്കുന്ന സീസണ് നാലുമാസം മുന്‍പെങ്കിലും വലയം മുറിക്കണം.

14   * മാവിന്റെ ചുവട്ടില്‍ തീയിട്ട് പുകയ്ക്കുന്നത് നന്നായി പൂക്കാന്‍ സഹായകരമാണ്.

16   * മാമ്പൂ ഉണങ്ങുന്നതിനു കാരണം തുള്ളന്‍ എന്ന കീടവും കുമിളും ആണ്.

17  * പൂക്കുന്ന ഘട്ടത്തില്‍ മാഞ്ചുവട്ടില്‍ മിതമായ തോതില്‍ തീയിട്ട് പുകകൊള്ളിക്കുന്നത് കീട നിയന്ത്രണത്തിന് സഹായകമാണ്.

18   * ഏഴെട്ടു മാസം പ്രായമുള്ള കൊമ്പുകളില്‍ മാത്രമേ മാ‍മ്പൂ ഉണ്ടാകാറുള്ളു.

19   * മാവിന് പോഷകക്കുറവുണ്ടാകുമ്പോള്‍ ഇളംകൊമ്പ് ഉണ്ടാകുന്നത് കുറയുന്നു. തുടര്‍ന്ന് വിളവും കുറയുന്നു.

20   * അകാലത്തിലുള്ള മഴ മാമ്പൂ കൊഴിച്ചിലിന് കാരണമാണ്.

21  * മാവിന്റെ കൊമ്പ് കോതല്‍ മൂലം പൂ പിടുത്തം കൂടുന്നു. കാരണം തഴച്ചുവളരാന്‍ ഉപയോഗിക്കുന്ന ഊര്‍ജജം പൂവണിയാന്‍ വിനിയോഗിക്കുന്നതാണ്.

22   * മാമ്പു വിരിഞ്ഞ് മാങ്ങാ ആയാല്‍ ആദ്യത്തെ ഏഴാഴ്ച്ച കൊണ്ട് കണ്ണിമാങ്ങാ അച്ചാറിനുള്ള പരുവത്തിലെത്തുന്നു.

24   * മാവ് സമൃദ്ധമായി പൂക്കുന്ന വര്‍ഷം കുറെ പൂവുകള്‍ നശിപ്പിച്ചാല്‍ അടുത്ത് വര്‍ഷം ആ കമ്പില്‍ കൂടുതല്‍ മാങ്ങാ ഉണ്ടാകും.

25   * പതിനഞ്ച് സെ.മി എങ്കിലും വണ്ണമുള്ള ശിഖരത്തില്‍ ഏഴ് സെ.മീ വീതിയില്‍ ചുറ്റും തൊലി മുറിച്ച് മാറ്റുകയാണ് വലയം മുറിക്കല്‍.

26   * നീലം മാമ്പഴം കേരളത്തിലെ കാലാവസ്ഥയില്‍ കൂടുതല്‍ കാലം കേടു കൂടാതെ കൂടാതിരിക്കും.

27   * ജിപ്സവും കാലി വളവും കൂടുതലായി മണ്ണില്‍ ചേര്‍ത്താല്‍ ക്ലോറൈഡു കൊണ്ടുള്ള മാവില കരിച്ചില്‍ നിയന്ത്രിക്കാം.

28   * പഴുക്കാ‍റായ മാമ്പഴം ചമതയില കൊണ്ട് പൊതിഞ്ഞു കെട്ടി വച്ചാല്‍ തൊലികറുത്ത് കേടാവുകയില്ല.

29  * മാവിന്റെ ശത്രുക്കളായ തുള്ളന്‍, ഗാളീച്ച, പഴയീച്ച ഇവയെ നശിപ്പിക്കാന്‍ തുളസിക്കെണി ഫലപ്രദമാണ് .

30   * ഒരു ചിരട്ടയില്‍ ലേശം തുളസി നീരെടുത്ത് അതില്‍ രണ്ടുമൂന്ന് ഫുറഡന്‍ തരികളിട്ട് മാവില്‍ രണ്ടു മൂന്നിടത്തായി കെട്ടി തൂക്കുക. തുളസിക്കെണിയില്‍ എത്തി നീരു കുടിക്കുന്ന പഴയീച്ച ചത്തു കൊള്ളൂം .

31   * പഴുത്ത മാങ്ങയില്‍ വെയിലടിക്കുമ്പോളാണ് കറുത്ത പാടുകള്‍ വീഴുന്നത്.

32   * നല്ലതുപോലെ നീറു പിടിച്ചിട്ടുള്ള മാവിലെ മാങ്ങാക്ക് പുഴുക്കേടുണ്ടാവുകയില്ല.

33   * മാവിന്‍ ചുവട്ടില്‍ നിന്നും മണ്ണിളക്കി വേരുകളില്‍ 250 ml നല്ലെണ്ണ രണ്ടാഴ്ച ഇടവിട്ട് ഒഴിച്ചു കൊടുക്കുക. ഒന്നിരാടന്‍ പൂക്കുന്ന മാവുകള്‍ എല്ലാ വര്‍ഷവും പൂക്കും.

34   * ടോപ്പ് വര്‍ക്കിംഗ് എന്നറിയപ്പെടുന്ന ഗ്രാഫ്റ്റിംഗ് കൊണ്ട് ഒരു മാവില്‍ പലതരം മാങ്ങാ ഉല്പാദിപ്പിക്കാം.

35   * മാങ്ങാ പഴുക്കാന്‍ വൈക്കോലില്‍ പൊതിഞ്ഞു വയ്ക്കുമ്പോള്‍ , അതിനൊപ്പം കുറച്ച് കണിക്കൊന്നയില കൂടെ ഇടുക. മാങ്ങാ പഴുക്കുമ്പോള്‍ നല്ല നിറം കിട്ടും.

36   * ഒട്ടുമാവിന് വേരു കുറവായതുകൊണ്ട് എല്ല വര്‍ഷവും ചുവട്ടില്‍ മണ്ണുകൂട്ടികൊടുക്കണം. അല്ലെങ്കില്‍ വലിയ കാറ്റില്‍ പിഴുതു പോകാനിടയുണ്ട്.

37   * ഒന്നരാടന്‍ വര്‍ഷങ്ങളില്‍ കായ്ക്കുന്ന മാവുകള്‍ ആണ്ടുതോറും കായിക്കാന്‍ തിങ്ങി നില്‍ക്കുന്ന കുറെ കമ്പുകള്‍ കോതിക്കളയുക. അതുകൊണ്ട് പ്രയോജനം ഉണ്ടാകും.

38   * മാവില്‍ ഒരു വര്‍ഷം വിളവ് ഗണ്യമായി കുറഞ്ഞാല്‍ തടിയില്‍ ശേഖരിച്ചിട്ടുള്ള പോഷകമൂലകങ്ങള്‍ , ഇളംകമ്പുകളുടെ വളര്‍ച്ചക്ക് ഉപയോഗിക്കപ്പെടുന്നു. അടുത്ത വര്‍ഷം ആ മാതിരി കമ്പുകളില്‍ ധാരാളം മാങ്ങാ ഉണ്ടാവുകയും ചെയ്യും.
   
     ( copied from archived content.          author:Chandy Abraham  }
ഇതിൽ 30ാമത്തേതിൽ ഫ്യുറഡാൻ ഉപയോഗിക്കേണ്ടതില്ല. തുളസിസീരിൽ കഞ്ത്തിവെള്ളം ചേർത്ത കെണിയും ഫലപ്രദമാണ്.

September-2020 (Came in Whatsapp Group)

We normally plant chinese potato in July, but this article says, it can be done from July-October...to be validated by your own growing experience

കൂർക്ക നടാൻ സമയമായി 
ഏതു കിഴങ്ങുവർഗവിളകളെപ്പോലെയും അന്നജ സമ്പുഷ്ടമായ കൂര്‍ക്കയില്‍ മാംസ്യം, ധാതുലവണങ്ങൾ എന്നിവ കൂടി അടങ്ങിയിട്ടുണ്ട്.  വിളവെടുത്തതിനുശേഷം 1-2 മാസംവരെ  കേടുകൂടാതെ സൂക്ഷിക്കാം. കേരളത്തിന്റെ ഉഷ്ണമേഖലാ കാലാവസ്ഥയ്ക്കു യോജിച്ച വിളയാണ്. നല്ല അയവും വളക്കൂറുമുള്ള ഏതുതരം മണ്ണിലും കൃഷിചെയ്യാം, നീർവാർച്ച ഉറപ്പുവരുത്തണം. 

നടീൽകാലം ജൂലൈ മുതൽ ഒക്ടോബർ വരെ ആണെങ്കിലും ഈ മാസം നടുന്നതാണ് യോജ്യം.  ശ്രീധര, നിധി, സുഫല എന്നിവ ‌മുന്തിയ ഇനങ്ങൾ. ഇവയില്‍ ശ്രീധര, ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രവും നിധിയും സുഫലയും കേരള കാര്‍ഷിക സര്‍വകലാശാലയും പുറത്തിറക്കിയതാണ്. പാരമ്പര്യമായി കൃഷി ചെയ്തുവരുന്ന ഗുണമേന്മയുള്ള നാടന്‍ ഇനങ്ങളും ഉണ്ട്. തലപ്പുകളാണ് നടാന്‍ ഉപയോഗിക്കുന്നത്. ആവശ്യത്തിനുള്ള തലപ്പുകൾ ലഭിക്കുന്നതിനായി വിത്തുകിഴങ്ങുകൾ തവാരണയിൽ ഒരു മാസം മുൻപ് പാകി വളർത്തണം. 2.5 ചതുരശ്ര മീറ്റര്‍ സ്ഥലത്തുനിന്ന് ഒരു സെന്‍റിലേക്ക് നടാനുള്ള തലപ്പുകള്‍ ലഭിക്കും. ഒരു സെന്റിലേക്ക് നടാനുള്ള നഴ്സറി തയാറാക്കാന്‍  0.5-1 കിലോ കിഴങ്ങുകള്‍ മതി. നടാൻ തിരഞ്ഞെടുക്കുന്ന വിത്തുകിഴങ്ങുകൾ ഗുണമേന്മയുള്ളതായിരുന്നാൽ പുഷ്ടിയുള്ളതും കീട, രോഗ പ്രതിരോധ ശേഷിയുള്ളതും ആരോഗ്യമുള്ളതുമായ തലപ്പുകൾ ലഭിക്കും. കിഴങ്ങുകള്‍ 20-30 സെ. മി. അകലത്തിലാണു നടേണ്ടത്. വള്ളിത്തലപ്പുകൾ നന്നായി വളർന്ന ശേഷം തവാരണയിൽനിന്ന് 10-15 സെ. മി. നീളത്തിലുള്ള ഇളം തലപ്പുകൾ നുള്ളിയെടുത്ത് നടാം. പുഷ്ടിയുള്ള തലപ്പുകള്‍ ലഭിക്കാനായി വിത്തുപാകുന്ന തവാരണയില്‍ ആവശ്യമായ അളവില്‍ കാലിവളമോ കമ്പോസ്റ്റോ ചേര്‍ക്കണം. 
പ്രധാന കൃഷിസ്ഥലത്ത് 90-120 സെ. മി. വീതിയും 20-25 സെൻറീമീറ്റർ ഉയരവുമുള്ള വാരങ്ങൾ ഉണ്ടാക്കി കാലിവളം അടിവളമായി ചേർത്തിളക്കി 25-30 സെ.മി. അകലത്തില്‍ തലപ്പുകൾ നടാം. വാരങ്ങള്‍ തമ്മില്‍ 45-60 സെ.മി. അകലം വേണം. അടിവളമായി സെന്റ് ഒന്നിന് 40 കിലോ കാലിവളമോ കമ്പോ സ്റ്റോ ചേർക്കാം. കൂടാതെ, 260 ഗ്രാം യൂറിയ, 1200 ഗ്രാം രാജ്ഫോസ്, 330 ഗ്രാം പൊട്ടാഷ് എന്നിവ ചേർക്കണം. അടിവളത്തിനോടൊപ്പം വേപ്പിൻ പിണ്ണാക്ക് ചേർക്കുന്നത് കൂർക്കയുടെ പ്രധാന ശത്രുവായ നിമാവിരയെ തുരത്താന്‍ സഹായിക്കും. വിളവെടുപ്പിനുശേഷം ഉണങ്ങിയ വള്ളിപടര്‍പ്പുകളും മറ്റും കത്തിച്ചുകളയുന്നത് നിമാവിരബാധ കുറയ്ക്കും. നിമാവിരയുടെ സാന്നിധ്യമുള്ള കൃഷിസ്ഥലങ്ങളില്‍ മാത്രം ഇങ്ങനെ ചെയ്താല്‍ മതി.

തലപ്പുകൾ നട്ട് 45 ദിവസം കഴിയുമ്പോൾ കളകള്‍ പറിച്ചശേഷം മേൽവളമായി സെന്റ് ഒന്നിന് 260 ഗ്രാം യൂറിയ 330 ഗ്രാം പൊട്ടാഷ് എന്നിവ ചേർത്ത് മണ്ണ് കൂട്ടിക്കൊടുക്കണം. കൂർക്കക്കൃഷിയിൽ കളയെടുക്കലും മണ്ണുകൂട്ടിക്കൊടുക്കലും വളരെ പ്രാധാന്യമർഹിക്കുന്നു. ഇവ യഥാസമയം ചെയ്തില്ലെങ്കിൽ വിളവു കുറയും.  മണ്ണിളക്കി കൂട്ടികൊടുക്കുന്നത് കിഴങ്ങുകൾ ധാരാളം ഉണ്ടാകാനും കിഴങ്ങുകള്‍ വലുപ്പം വയ്ക്കാനും സഹായിക്കും. മധ്യ മൂപ്പെത്തിയ കിഴങ്ങുകള്‍ക്ക് നേരിട്ടു സൂര്യപ്രകാശം ഏല്‍ക്കുന്നത് കിഴങ്ങിന്റെ വളര്‍ച്ചയെയും ഗുണത്തെയും ബാധിക്കും. അതിനാല്‍ കൃത്യമായ ഇടവേളകളില്‍ മണ്ണു കൂട്ടിക്കൊടുക്കുക. കാര്യമായ രോഗ, കീടബാധയില്ല. 
നാല്–അഞ്ചു മാസത്തിനുശേഷം ഇലകൾ മഞ്ഞളിച്ച് തുടങ്ങുമ്പോൾ വിളവെടുക്കാം.  ഉണങ്ങിത്തുടങ്ങുന്ന വള്ളി  നീക്കം ചെയ്ത് വാരങ്ങൾ കിളച്ചിളക്കി കിഴങ്ങുകൾ മുറിവുകൾ ഉണ്ടാക്കാതെ വേർതിരിച്ചെടുക്കണം. ഒരു സെന്‍റിൽ 40-80 കിലോവരെ കിഴങ്ങുകൾ ലഭിക്കും

അത്തം ഞാറ്റുവേല by റാഫി.സി. പനങ്ങാട്ടൂർ

കന്നി 10 മുതൽ കന്നി 24 വരെ സപ്തമ്പർ 26 മുതൽ ഒക്ടോബർ 10 വരെ)

 ഒന്നാം വിളയുടെ കൊയ്ത്തുകാലം. രണ്ടാം വിള നാട്ടിപ്പണി   ഈ ഞാറ്റുവേലയിലെങ്കിലും തീർക്കണം. "അത്തം കഴിഞ്ഞാൽ അറ്റകടായയിൽ ഇടാം" . അതായത് അത്തം ഞാറ്റുവേല കഴിഞ്ഞാൽ വെള്ളം കുറഞ്ഞ പാടങ്ങളിൽ രണ്ടാം വിള പ്രയാസകരമാവും എന്നർത്ഥം. വിള കുറയും. ഒന്നാം വിള കൊയ്തൊഴിഞ്ഞ പാടങ്ങളിൽ എള്ള്, മുതിര, ഉഴുന്ന്, ചെറുപയർ എന്നിവ വിതക്കാം. "അത്തമുഖത്ത് എള്ളെറിഞ്ഞാൽ ഭരണി മുഖത്തെണ്ണ "  എന്ന് ചൊല്ല് . എള്ള് നന്നായി വിളയും. മാത്രമല്ല ഉഴുന്ന് പയറ് തുടങ്ങിയവ കൃഷി ചെയ്യുമ്പോൾ മണ്ണിൽ നൈട്രജൻ പുന: ചംക്രമണം ചെയ്യപ്പെടുന്നത് പോലെ എള്ള് കൃഷി ചെയ്താൽ ഫോസ്ഫറസ് പുനചംക്രമണം ചെയ്യപ്പെടും. പത്തായത്തിലെ ബാക്കിയുള്ള പഴയ നെല്ലല്ലാം പുറത്തെടുത്ത് ചാക്കിൽ കെട്ടിപെട്ടെന്ന് ഉപയോഗിക്കാൻ പാകത്തിൽ വെക്കുക. പത്തായത്തിന്റെ അകവും പുറവും അടിച്ചു വാരിച്ചത്തിയാക്കുക.

നെല്ല് വിത്ത് ശേഖരിക്കാം 

 തല മണി ശേഖരിക്കൽ :

 സാധാരണപോലെ കൊയ്ത് കറ്റ എടുക്കുന്ന പാടങ്ങളിലാണെങ്കിൽ കൊയ്തു കൊണ്ടു വരുന്ന കറ്റക്കെട്ടുകൾ കളത്തിലേക്ക് ശക്തിയായി ഇടുക. അപ്പോൾ കനമുള്ള നെന്മണികൾ ഉതിർന്നു വീഴും. കറ്റ തല്ലുമ്പോൾ  കളത്തിലെ ഒരു പ്രത്യേക മൂലയിൽ ഒരുക്കിയ ഒരു കല്ലിൽ ഓരോ കറ്റയും ഒന്നോ രണ്ടോ തവണ ചെറുതായി തല്ലുക. അപ്പോഴും കനമുള്ള മണികൾ ഉതിർന്നു വീഴും ഇപ്രകാരം ഉതിരുന്ന തല മണികൾ അടിച്ചുകൂട്ടി വാരി എടുത്താൽ നല്ല വിത്തുകൾ ആയി. ഇവ ഒന്ന് രണ്ട് ദിവസം ഉണക്കിയെടുക്കുക.

ആയാർ എടുക്കുക:-

 പെരോൽ  ഇല്ലാതെ(മറ്റിനം നെല്ലുകൾ കുടുങ്ങാതെ) നെൽ വിത്ത് ശേഖരിക്കുന്ന ഒരു രീതിയാണ് ആയാർ എടുക്കൽ. നന്നായി മൂത്തുണങ്ങിത്തുടങ്ങിയ നെൽ വയലുകളിൽ ഇറങ്ങിച്ചെന്ന് ആരോഗ്യമുള്ള കതിരുകൾ നെൽ ചെടിയിൽ നിന്നു തന്നെ നേരിട്ട് ഊരിയെടുത്തു പിടികളായി കെട്ടിയിടുന്നതാണ് ആയാർ എടുക്കൽ എന്ന് പറയുന്നത്. ഇവ കെട്ടുകളായി തന്നെ  ഒരാഴ്ച  ഉണക്കിയെടുക്കുക.  ശേഷം മച്ചിൻ മേൽ കെട്ടിത്തൂക്കിയിടാം.

 കൊയ്ത്ത് യന്ത്രം ഉപയോഗിച്ച് കൊയ്തെടുക്കുന്ന നെല്ല്, വിത്തിന് ഉപയോഗിക്കുന്നത് അത്ര ഗുണകരമാവില്ല. കാരണം യന്ത്രത്തിലൂടെ കടന്ന് വരുമ്പോൾ നെന്മണികൾ ഒരല്പം ചൂടാവുന്നു , വേവുന്നു) രണ്ടാമതായി പല വയലുകളിൽ വ്യത്യസ്തയിനം നെല്ലുകൾ കൊയ്തു വരുന്ന യന്ത്രത്തിൽ വിത്തുകൾ തമ്മിൽ കൂടിക്കലരുകയും ചെയ്യും.

  ഓണ വാഴ നടാം

 അടുത്ത ഓണത്തിന് നേന്ത്രക്കുല ലഭിക്കാനായി നേന്ത്ര വാഴ കന്നുകൾ ഇപ്പോൾ നടാവുന്നതാണ്. ആരോഗ്യമുള്ള വാഴകളിൽ നിന്ന് കന്ന് എടുക്കണം. വീട്ട് കൃഷിക്ക് ഉയരം കുറഞ്ഞ ഇനങ്ങളാണ് നല്ലത്. വാഴക്കന്നിന്റെ വേരുള്ള ഭാഗം പുറന്തോട് ചെത്തി 60ഡിഗ്രി ചൂടുള്ള വെള്ളത്തിൽ ഒരു മിനിറ്റ് മുക്കിയെടുക്കുക. പച്ചച്ചാണകവും ചാരവും വെള്ളത്തിൽ കുഴമ്പുരൂപത്തിൽ കലർത്തി അതിൽ അരമണിക്കൂർ മുക്കിവെച്ച് ഏഴ് ദിവസം ഇളവെയിലിൽ ഉണക്കിയെടുക്കുക. ഇതിന് ഒരാഴ്ച മുന്നേ 45 സെൻറീമീറ്റർ നീളം വീതി ആഴത്തിൽ, രണ്ടര മീറ്റർ അകലത്തിൽ കുഴികളെടുത്ത് കുമ്മായം ഇട്ടുവയ്ക്കുക. നടുമ്പോൾ   ഏതാണ്ട് 5 കിലോ     ചാണകപ്പൊടിയോ കമ്പോസ്റ്റ് ചെയ്ത ആട്ടിൻകാട്ടമോ(3Kg)കോഴി വളമോ (2kg) ചേർക്കുക.  ഒപ്പം വേപ്പിൻ പിണ്ണാക്ക് ചേർക്കുക. അതിൽ  അല്പം മേൽമണ്ണും ചേർത്ത് മിക്സ് ചെയ്ത ശേഷം വാഴക്കന്നുവെച്ച് കുഴിയുടെ അരഭാഗം തറച്ച് മൂടുക.

തുലാ മഴക്കാലത്തെ  ആശ്രയിച്ചും സൗകര്യം ഉള്ളവർക്ക് ജലസേചന ത്തെ ആശ്രയിച്ചും കരയിൽ പച്ചക്കറികൃഷി ചെയ്യാൻ ഇപ്പോൾ നിലം ഒരുക്കാവുന്നതാണ്

 തെങ്ങ് കൊത്തി മൂടാൻ തുടങ്ങാം തുലാവർഷം തടത്തിന് പുറത്ത് പെയ്യണം എന്നാണ്.  കൊത്തി മൂടിയ തടത്തിന് മുകളിൽ വെള്ളരി,കക്കിരി കുമ്പളം എന്നിവ പടർത്താം അല്ലെങ്കിൽ മമ്പയർ വിതക്കാം. തെങ്ങിന് നൈട്രജൻ ; നമുക്ക് കിട്ടിയാൽ ഇലയും പയറും. ചീരയും ആവാം.
 വേനലിൽ ജലസേചനം ചെയ്യാറില്ലാത്ത തെങ്ങിൻ തോട്ടങ്ങളിൽ ഇപ്പോൾ രണ്ടാം വട്ടം വളം ചേർക്കാം.
തടം കൊത്തി കൂട്ടന്നതിന് മുമ്പ് രണ്ട് റബ്ബർ കൂട്ട ചാണകവളം, ഒരു കിലോ ഉപ്പ് എന്നിവ ചേർക്കാം. വേപ്പിൻപിണ്ണാക്കും കടലപ്പിണ്ണാക്കും ചേർക്കാം.. ആലവളത്തിനു പകരം ഫിഷ്‌ മീൽ (മീൻ വളം) 5kg ജ കൊടുക്കാം. അമര, വാളൂരിപ്പയർ, ചതുരപ്പയർ എന്നിവ പൂവിടാൻ തുടങ്ങുന്ന സമയമാണ്.  വളം ചേർത്ത് കൊടുക്കാം. "അമരത്തടത്തിൽ തവള കരയണം". ധാരാളം വെള്ളം വേണമെന്ന് അർത്ഥം. ധനുമാസത്തിൽ മകര  ചേന  നടാൻ ഉദ്ദേശിക്കുന്നവർ വിത്തിനായി ഇപ്പോഴുള്ള ഇലകൾ  പഴുത്ത്  തുടങ്ങിയ ചേനയുടെ തണ്ട് മെല്ലെ ചവിട്ടി ഒടിച്ചിടണം. തണ്ട് മായുന്ന ക്രമത്തിൽ വിത്ത് എടുക്കാം.

 
ഓരോ വീടും സ്വാശ്രയമാവട്ടെ;
ഓരോ ഗ്രാമവും സ്വാശ്രയമാവട്ടെ .

കേരള ജൈവകർഷക സമിതി തളിപ്പറമ്പ താലൂക്കി നു വേണ്ടി

റാഫി.സി. പനങ്ങാട്ടൂർ

ചോതി. ഞാറ്റുവേല (Jaivakeralam Whatsapp group)

Oct.24നവമ്പർ 6
(തുലാവം 7 മുതർ 21 വരെ).

ഒന്നാം വിളയുടെ നെല്ല് ഉണക്കം തേഞ്ഞാൽ പത്തായത്തിൽ ശേഖരിക്കാം.  നെല്ലിൽ നിന്ന് കുറച്ചെടുത്ത് പുഴുങ്ങി ഉണക്കി കുത്തി വെച്ച്പുത്തരി ഉണ്ണാം. പുത്തരിക്ക് പുതിയ അരിയുടെ പാച്ചോർ ആണ് വിഭവം.  ചോറു വെന്തുവരുമ്പോൾ തേങ്ങപ്പാൽ ചേർത്ത് അർദ്ധ ഖരാവസ്ഥയിൽ കുറുക്കി എടുക്കുന്നതാണത്. പാച്ചോറിന് കറി, വെല്ല പ്പാനിയാണ് (ശർക്കര കുറുക്കിയത്) ഇലയിൽ വിളമ്പിയ പാച്ചോറിൽ ശർക്കര പാനി കുഴച്ചു കഴിക്കുന്നതാണ് രീതി. തുടർന്ന് പുതിയ ചോറ്, സൈഡ് വിഭവമായി കക്കിരിക്ക പൊടിപ്പ് (കക്കരിക്ക മോര് ഉപ്പ് കാന്താരി മുളക് ഇവ ചേർത്ത് ഉണ്ടാക്കുന്ന വേവിക്കാത്ത കറി) . പുതിയ ചേന കിളച്ച് അതിൻറെ പുഴുക്കും കൂടി ഉണ്ടാവും.  കഴിച്ചെഴുന്നേറ്റവർക്ക് നടുപ്പുറത്ത് ഒരു ഇടി കിട്ടും ഇതിനെ പുത്തരിക്കുത്ത് എന്ന് പറയും.
രണ്ടാം വിള നെല്ലിന് വിള പരിചരണം നടത്താം. ചേമ്പ്, ചേന, കാച്ചിൽ തുടങ്ങിയ കിഴങ്ങു വിളകളുടെ വിളവെടുപ്പ് കാലമാണിത്. ഇലകൾ പഴുത്ത് തുടങ്ങുക, വള്ളികളും തണ്ടുകളും കരിഞ്ഞു വീഴുക എന്നിവ കിഴങ്ങുകൾ പാകമാവുന്നതിന്റെ ആയാളങ്ങളാണ്. അടുത്ത തവണത്തേക്ക് വിത്തിനെടുക്കാനുളളവ ഒരു മാസം കൂടി മണ്ണിൽ നിർത്താം. കാവത്ത് ക്രാച്ചിൽ) കിളച്ചാൽ വള്ളിയുടെ മുകൾ ഭാഗത്ത്  ഞെട്ടുകളിൽ തൂങ്ങിക്കിടക്കുന്ന മേക്കാച്ചിൽ ശേഖരിക്കാൻ മറക്കണ്ട. അത്ത വർഷത്തെ വിത്തായി ഉപയാറിക്കാം. തോരൻ വെക്കാനും പറ്റും. മകര ചേനയായി നടാനുള്ള വിത്തു ചേനയുടെ കണ്ണ് തുരന്ന് കമഴ്ത്തി വെച്ച് പുക കൊള്ളിക്കണം.
സൂര്യൻ ഭൂമധ്യരേഖയും കടന്ന് ദക്ഷിണാർധഗോളത്തിന് മുകളിലൂടെ സഞ്ചാരം തുടങ്ങഴിഞ്ഞു. ഇനി തെക്കൻ വെയിലിന്റെ നാളുകളാണ്. തുലാവർഷം പതുക്കെ പിൻവാങ്ങാൻ തുടങ്ങും. : "ചോതി വർഷിച്ചാൽ ചോറിന് പഞ്ഞമില്ല " . രണ്ടാം വിളക്ക് ഏറെ സഹായകരമാണ് തുലാമഴ . പെയ്തില്ലങ്കിൽ രണ്ടാ വിള പാളും. 
"ചോതി കഴിഞ്ഞാൽ ചോദ്യമില്ല " മഴയില്ല എന്ന് സാരം. 
"തുലാപ്പത്ത് കഴിഞ്ഞാൽ പിലാപ്പൊത്തിലും കിടക്കാം" മഴ മാറി നനവ് ആറി എവിടെയും കിടക്കാം.. മഴക്കാലം കഴിഞ്ഞു. ഇനിയുള്ള ഞാറ്റുവേലകൾ കാർഷിക വേലകളിൽ അത്ര പ്രാധാന്യമർഹിക്കുന്നവയല്ല. തുലാപ്പത്തിന് മൊട്ടൻ തൈ വെക്കാറുണ്ട്. തിരുവാതിരയിൽ പാകിയ വിത്തു തേങ്ങകൾ കരുത്തോടെ മുളപൊട്ടി സൂചി മുളകൾ പുറത്തേക്ക് വന്ന് തുടങ്ങിയിട്ടുണ്ടാവും. ഇവയാണ് മൊട്ടൻ തൈകൾ . ഇവ ഓരോ കുഴിയിലേക്ക്മാറ്റി നടാം.
നാടൻ നെല്ലിക്ക തുലാപ്പത്തോടെ പറിച്ചു തുടങ്ങാം. മൂപ്പെത്തിയിട്ടുണ്ടാവും. രണ്ട് മൂന്ന്  വെയിലത്ത് വാട്ടിയ നെല്ലിക്ക അരച്ച് പുളി ചേർത്ത് വെക്കുന്ന കുഞ്ഞിമത്തിയുടെ കറി പോഷക സമൃദ്ധമാണ്. ഈ സമയമാവുമ്പോഴേക്കും
ലമ്മയുടെ മക്കൾ കുഞ്ഞു മത്തിയുമായി കരയിലെത്തിത്തുടങ്ങും.

ഓരോ വീടും സ്വാശ്രയമാവട്ടെ;
ഓരോ ഗ്രാമവും സ്വാശ്രയമാവട്ടെ .

ജൈവ കൃഷിയിലൂടെ
ജൈവ ജീവിതത്തിലേക്ക് .


രണ്ടു സഹോദരിമാർ
രേവതി.
മീനം 17 മുതൽ മേടം 1 വരെ
മാർച്ച് 31 പകൽ 1.14 മുതൽ ഏപ്രിൽ 14 ന് പുലർച്ചെ 2.31 വരെ .
മൂന്നാം വിള - പുഞ്ച (താപുഞ്ച ) കൊയ്ത്ത് കാലം. വയലുകളിൽ അടുത്ത വർഷത്തെ വിതയ്ക്ക് വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ ചെയ്യാം. ഉഴുത് കായാനിടുക. കുമ്മായം ചേർക്കുക. കുമ്മായം നേരത്തെ ഇട്ടിട്ടുണ്ടെങ്കിൽ അടിവളം ചേർക്കുക എന്നിങ്ങനെ. കുംഭത്തിൽ നടാത്തവർക്ക്  പറമ്പുകളിൽ കിഴങ്ങ് കൃഷിക്ക് ഭൂമിയൊരുക്കാം.  മാങ്ങയും കശുമാങ്ങയും പാകമാകുന്ന കാലമാണ്.  . കശുമാങ്ങ പിഴിഞ്ഞ് നീരെടുത്ത്   വെല്ലം ചേർത്ത് അടുപ്പത്ത് വച്ച് കുറുക്കി മേമ്പൊടിക്ക് തേങ്ങ ചിരവിയതും ചേർത്ത്  അൽപം തണുക്കുമ്പോൾ  കൈയിൽ വെളിച്ചെണ്ണ തൊട്ട് ഉരുട്ടിയെടുത്താൽ ഒന്നാന്തരം ഒയൽച്ച മുട്ടായി റെഡി. കുട്ടികൾക്ക് നല്ല നേരമ്പോക്കാവും. 
ഉപ്പുവെള്ളം കയറുന്ന പുഴയുടെ മാട്ടുമ്മൽ  ഭാഗത്ത് (വളവുകളുടെ ഉൾഭാഗത്ത് ആഴം കുറഞ്ഞ  മണൽ-ചരൽ നിക്ഷേപം ഉള്ള സ്ഥലം ) ഇറങ്ങി കൂർക്ക / കറുത്ത എളമ്പക്ക ശേഖരിക്കാം. കൂർക്കയിറച്ചി കൊണ്ട് കാത്സ്യം സമ്പന്നമായ വിവിധ വിഭവങ്ങൾ ഉണ്ടാക്കാം.  പുറന്തോട് കൃഷിസ്ഥലത്ത് വിതറിയാൽ മണ്ണിന്റെ PH നിയന്ത്രിക്കാൻ കുമ്മായം വേറെ ചേർക്കണ്ടി വരില്ല.

തിരുവാതിര ഞാറ്റുവേലക്കാലത്ത് നടാനുള്ള മരത്തെെകളുടെ നഴ്സറി ഉണ്ടാക്കാം. (മാവ്, പ്ലാവ്, തെങ്ങ്, കവുങ്ങ്, മറ്റു ഫലക്ഷങ്ങൾ, വനവൃക്ഷങ്ങൾ, തണൽ മരങ്ങൾ മുതലായവ). വിത്തുതേങ്ങ ശേഖരിക്കാം.

അശ്വതി
മേടം 1 പുലർച്ചെ 2.32 മുതൽ 14 പകൽ 6.22 വരെ
ഏപ്രിൽ 14 മുതൽ 27 വരെ .
കത്തിക്കയറുന്ന വേനൽച്ചൂടിൽ  ആശ്വാസ മഴകൾ ഒറ്റോറ്റയായി കിട്ടാൻ തുടങ്ങുന്ന സമയം.  പുതിയ കാർഷിക വർഷത്തിന്റെ ആരംഭമായി കണക്കാക്കുന്ന ഞാറ്റുവേല. മഴ ചെയ്താലും ഇല്ലെങ്കിലും അശ്വതി ഞാറ്റുവേലയിൽ (വിഷു ഒന്നാം തിയതി) പാടത്ത് പേരിനെങ്കിലും നെല്ലു വിതക്കുന്നത്  മലയാളിക്ക് പണ്ടേയുള്ള ശീലം. ആ വിത്ത് മഴ ചെയ്യാൻ വൈകിയാലും മണ്ണിൽ മഴയും കാത്ത്  കിടന്നാേളും . പെട്ടെന്ന് വെള്ളം നിറയുന്ന താഴ്ന്ന നിലങ്ങളിൽ വിതയും ഈ ഞാറ്റുവേലയിൽ ആകാം. "അശ്വതിയിലിട്ട വിത്തും അച്ഛൻ പോറ്റിയ മക്കളും ഭരണിയിലിട്ട  മാങ്ങയും ഒരു കാലത്തും കേടാകില്ല" എന്ന് ചൊല്ല്. കുംഭനിലാവിനോടനുബന്ധിച്ച് ചേന, കാച്ചിൽ, ചെറുകിഴങ്ങ് എന്നിവ നടാത്തവർ ഇപ്പോഴെങ്കിലും നടണം. ചേമ്പ് നടാൻ പറ്റിയ സമയം ഇപ്പോഴാണ് . വർഷക്കാല പച്ചക്കറി കൃഷിക്കുള്ള നഴ്സറി തൈകൾ (വഴുതിന മുളക് ) എന്നിവ ഇപ്പോൾ തയ്യാറാക്കാണം. "കൊന്ന പൂക്കുമ്പോൾ കിടന്നുറങ്ങിയാൽ മരുത് പൂക്കുമ്പോൾ പട്ടിണി " എന്ന ചൊല്ല് , പലവിധങ്ങളായ കൃഷിയൊരുക്കങ്ങളിലും കൃഷിപ്പപണികളിലും വ്യാപൃതരാവേണ്ട കാലമാണിത് എന്നതിന്റെ സൂചനയാണ്.

മറ്റേതൊരും ജോലിയെപ്പോലെയുമാേ അതിലേറെയോ   ശ്രദ്ധയും ചിട്ടകളും നിരീക്ഷണ പാടവവും വേണ്ട കാര്യമാണ് കാർഷിക വൃത്തിയും എന്ന് കൃഷിഗീത ഊന്നി പറയുന്നുണ്ട്. 

'ഗുരുഭക്തിയുമീശ്വര ഭക്തിയും
പെരുതല്ലോ നല്ലൂ കൃഷിയിങ്കൽ
നിദ്രയേറിയിരിക്കുന്നവരാരും
ഭദ്രമല്ലാ കൃഷികാരകർമണി
ചിത്തത്തിലുണർവില്ലാ തീടുന്ന 
മത്തന്മാരും വേണ്ടാ കൃഷിയിങ്കൽ
വിഷയത്തിങ്കൽ സക്തി  പെരുത്തവർ
കൃഷികർമിണി നോക്കേണ്ട കേവലം
കളവുള്ളവരാരും നടക്കേണ്ടാ 
വിളഭൂമൗ കൃഷീവലരായിട്ട്.
മധ്യേ മധ്യേ മധുപാനം ചെയ്യുന്ന
ബുദ്ധികെട്ടവർ വേണ്ടാ കൃഷിയിങ്കൽ 
കണക്കെല്ലാമേ ചോദിക്കും നേരത്ത്
ചുണക്കുന്നവർ വേണ്ടാ കൃഷിക്കാരെ'


Some information about njattuvela by Nila Chandran Mash

The following informations are given by Chandran Mash as part of online organic farming class conducted by Jaivakarshaka Samithi 

If you start rice farming in pooyam njattuvela, pest attack will be more.Basically lots of pests
hatches on during this time and they will attack rice plants  more.

Rice farming starts in Aswathy njattuvela along with rain, all long duration (Chettadi,Chitteni,Thekka cheera) rice seeds are sown in this time. Each njattuvela is 13.5 days, and if it does not rain also, we can sow rice seeds.

Root vegetables are typically done in Kubham, if it was not possible, then we can do with first rain of Aswathy njattuvela.

Millets are done in Bharani njattuvela, especially little millet (chama) is best done in this njattuvela. Upland rice is best done in this Bharani njattuvela, typically all modan rice varieties are started during this time. Sweet potato is also started during this time.

Karthika is best suited for ginger,turmeric cultivation. Malayalam saying goes like this 'Karthika kalu, kaladi akalam,karimbada puthapu (???), kanjira tholu' for ginger cultivation.

ഞാറ്റുവേലകളിലൂടെ- ഫെബ്രുവരി

അവിട്ടം ഞാറ്റുവേല
മകരം 24 രാവിലെ 7.07 മുതൽ കുംഭം 7 പകൽ 11.48 വരെ.
(ഫെബ്രുവരി 6 മുതൽ 19 വരെ).
ഈ വർഷത്തെ കാർഷിക വേലകൾ ഏറെക്കുറെ അവസാനിക്കുകയും അടുത്ത വർഷത്തേക്കുള്ളവയ്ക്കായി  ഒരുങ്ങുകയും ചെയ്യുന്ന സമയമാണ്. ഭൂമി ഋതുമതിയാവുന്നത് മകരം 28നാണെന്നാണ് വിശ്വാസം. അത് ഉച്ചാരൽ എന്നറിയപ്പെടുന്നു. 
'ഉച്ചാരുച്ചയ്ക്ക് വെള്ളരി കുത്തിയാൽ വിഷു ഒന്നാം തിയ്യതി വെള്ളരിക്ക പൊട്ടിച്ചാൽ തീരില്ല' എന്നാണ്.
വിത്ത് തേങ്ങ സംഭരിക്കാൻ പറ്റിയ സമയമാണ്.
"പന്തീരാണ്ടങ്ങൊരുപോലെ കായ്ച്ചുള്ള
വൻ തെങ്ങിൻമേൽ കാ മൂപ്പിച്ച് നിർത്തണം.
വിത്തുതേങ്ങയിറക്കീട്ടു മെല്ലവേ....." 
               _കൃഷിഗീത.

പന്ത്രണ്ടു വർഷമായി ഒരേ പോലെ കായ്ഫലം തരുന്ന (25 വർഷമെങ്കിലും പ്രായമായ) തെങ്ങിൽ കുല മൂത്ത് പഴുക്കുന്നത് വരെ നിർത്തിയ ശേഷം കെട്ടിയിറക്കണം.  കുംഭത്തിലേയും മേടത്തിലേയും പറികളിൽ  വിത്തെടുക്കാം.
അടുത്ത വർഷത്തേക്കുള്ള ചേന നടാനുള്ള കുഴികളെടുത്ത് കുമ്മായം ചേർത്ത് വയ്ക്കാം 30X30X30 സെ.മീ. വലിപ്പത്തിൽ ഒരു മീറ്റർ അകലത്തിലാകണം. ചേന വിത്തിന്റെ കണ്ണ് തുരന്ന് വെക്കണം.

ചതയം ഞാറ്റുവേല

കുംഭം 7 ന് പകൽ 11.48 മുതൽ കുംഭം 20  ഉച്ച വരെ. (ഫെബ്രുവരി 19 മുതൽ മാർച്ച് 4 വരെ).

കുംഭ വാഴ (നേന്ത്രൻ) നടാം. ഇപ്പോൾ വാഴ വച്ചാൽ അടുത്ത വൃശ്ചികം ധനു മാസങ്ങളിൽ കുല വെട്ടാം. ഇടവപ്പാതി വരെ മാത്രമേ  നനക്കേണ്ടതുള്ളൂ എന്നതാണ് ആണ് കുംഭ വാഴയുടെ മെച്ചം. ബാക്കി കാലവർഷത്തിൽ നനഞ്ഞോളും. ചേനയും കാച്ചിലും ഇപ്പോൾ നടാം പ്രത്യേകിച്ചും കുംഭ നിലാവ് ദിവസം. കുംഭത്തിലെ വെളുത്ത വാവ്   ഈ വർഷം 15 നാണ് (ഫെബ്രുവരി 27). ഓരോ കിലോ ചാണകവും കാൽ കിലോ വീതം കോഴി വളവും ആട്ടിൻകാട്ടവും   ചേർക്കാം. ധാരാളം ചപ്പുചവറുകൾ ഇട്ട് അതിൻറെ മീതെയാണ് ആണ് ചേന നടേണ്ടത്. വലിയ കുഴിയിൽ  ചേന വിത്ത് മുഴുവനായി വച്ചാൽ  വലിയ വിളവ് കിട്ടും  സാധാരണയായി ഒന്നരക്കിലോ വലിപ്പമുള്ള കഷണങ്ങളാണ്.  വിത്തിന്റെ വലിപ്പം ക്രമീകരിക്കുക വഴി  വിളവിന്റെ വലിപ്പം ക്രമീകരിക്കാം. ഇപ്പോൾ ചേന നടാൻ പറ്റാത്തവർക്ക് അശ്വതി ഞാറ്റുവേലയിലും നടാവുന്നതാണ്.   മാമ്പഴക്കാലം തുടങ്ങുകയായി മാങ്ങയണ്ടികളും   കശുവണ്ടി വിത്തും ശേഖരിക്കാം.

ഓരോ വീടും സ്വാശ്രയമാകട്ടെ;
ഓരോ ഗ്രാമവും സ്വാശ്യമാകട്ടെ.

ജൈവകൃഷിയിലൂടെ
ജൈവജിവിതത്തിലേക്ക്.

റാഫി. സി. പനങ്ങാട്ടൂർ.

ഞാറ്റുവേലകളിലൂടെ
പൂരോരുട്ടാതി 
കുംഭം 20 വൈകിട്ട് 5 മുതൽ മീനം 4 പുലർച്ചെ 2 മണി വരെ (മാർച്ച് 4 മുതൽ മാർച്ച് 18 വരെ)
പച്ചക്കറിക്കും തോട്ടവിളകൾക്കും നന തുടരാം.
കഴിഞ്ഞ ഞാറ്റുവേലക്കാലത്ത്  കുംഭ നിലാവിൽ നട്ടു തുടങ്ങിയ ചേന, കാവത്ത് തുടങ്ങിയ കിഴങ്ങിനങ്ങൾ നടുന്നത് തുടരാം .  തെങ്ങ്, കവുങ്ങ് തൈകൾ നട്ടുപിടിപ്പിക്കാം. ഇടവപ്പാതി വരെ കുറശ്ശേ നനച്ചു കൊടുത്താൽ ചെടികൾക്ക്  വേരു പിടിച്ച് തുടങ്ങും. മഴ ലഭിക്കുന്നതോടെ ആരോഗ്യത്തോടെ വളർന്നു തുടങ്ങും.

ഉത്രട്ടാതി
മീനം 4 പുലർച്ചെ 2.18 മുതൽ മീനം 17 പകൽ 1.14 വരെ ( മാർച്ച് 18 മുതൽ 31 വരെ).
ഇരിപ്പൂ നിലങ്ങളിൽ ഒന്നാം വിളയുടെ വിതക്കായി നിലമൊരുക്കാം. കാലിവളവും ചപ്പുചവറുകളും വയലിൽ കൊണ്ടിടാം . ഉണങ്ങിയ അവസ്ഥയിൽ ഭാരം കുറവായിരിക്കും. കൈകാര്യം ചെയ്യാൻ എളുപ്പമാണ്. ഇട മഴ ലഭിച്ചാൽ അരികുകൾ കിളച്ച് ഉഴുതു മറിച്ചിടാം.
ചക്കയും മാങ്ങയും പഴുത്ത് തുടങ്ങും മൂല്യവർദ്ധിത ഉൽപന്നങ്ങൾ ഉണ്ടാക്കാം.




No comments: